ബാത്ത് റൂമില്‍ പോയി ചീച്ചി വീത്തി വന്നു. പാല്‍ കുടിച്ചു. 'വാത്തന്നാടി' കണ്ടും കൊണ്ട്, 'ആപ്പ' തിന്നു. 'ടക്..ടക്'...ഇതാരാ വാതിലില്‍ മുട്ടണത്? അനിയോ തേജയോ ആയിരിക്കും. അല്ലല്ലോ...
'അമ്മ മന്നു!'.
എന്താ ഇന്ന് നേരത്തെ? ഇന്നത്തെ വിശേഷങ്ങളൊക്കെ പറയണ്ടേ! ഞാന്‍ തന്നെ എന്‍റെ കവിളത്തു രണ്ടു കയ്യും ഇറുക്കി പിടിച്ചിട്ടു പറഞ്ഞു, 'അനി നീയ്യ പിച്ചു'.
അമ്മയ്ക്ക് സംശയം : 'നുണ പറയരുത് കുട്ടാ'.
അത് കേട്ടു മുന്നമ്മ ചിരിച്ചിട്ട് പറഞ്ഞു : 'അനി കുട്ടനെ അല്ല; കുട്ടന്‍ അനിയെയാണ് അങ്ങനെ പിടിച്ചത്. അത്രയ്ക്ക് വേദനിച്ചിട്ടൊന്നും ഇല്ല്യ...അത് കരഞ്ഞില്ല ... സാധാരണത്തെ പോലെ പെണങ്ങിപ്പോയി!'.
അമ്മ : 'കുട്ടാ...ഞാന്‍ അച്ഛനോട് പറഞ്ഞുകൊടുക്കും...ട്ടോ! രണ്ടു വയസ്സല്ലേ ആയിട്ടുള്ളൂ നിനക്ക്... അപ്ലക്കും വല്ല്യ ആളായീന്നാ വിചാരം! നോക്കിക്കോ....അച്ഛന്‍ 'ങ്ങ്ഹാ...' ന്ന്‍ പറയും.'
'ഓ .... പിന്നെ, അച്ഛന്റെ പറച്ചിലോക്കെ ഞാന്‍ കുറെ കേട്ടതാ...അച്ഛന്റെ ചിലപ്ലത്തെ വിചാരം, എന്‍റെ പ്രായമേ ആയിട്ടുള്ളൂന്നാ...' ന്നാലും അമ്മയെ കളിയാക്കി, അമ്മ പറഞ്ഞപോലെ തന്നെ ചുണ്ട് കൂര്‍പ്പിച്ചു പറഞ്ഞു : 'നീയ്യ അച്ച വന്ന പഞ്ഞു തൊത്തും....അച്ച ആ...പയ്യും'. അതുകേട്ട് അമ്മേം മുന്നമ്മേം കുറെ ചിരിച്ചു.
അമ്മ പറഞ്ഞു : 'വേഗം dress ഇട്ടോളൂ, ടാ...ടാ..കൊണ്ട് പോകാം'. 'ഹായ്! ടാ...ടാ...പൂവാം' ഞാന്‍ തുള്ളിച്ചാടി. 'ഓ...അതാണ് അമ്മ നേരത്തെ വന്നത്. മുത്തശ്ശന്‍ പറഞ്ഞിരുന്നു, ഞാന്‍ കല്ല്യാണത്തിനു പൂവും ന്ന്‍. നാപ്കിന്‍ കെട്ടാന്‍ നല്ല ഇഷ്ടാ എനിക്ക്. dress ഇട്ടു; അതിന് മീതെ sweter ഉം. വാതില്‍ തുറന്നു പുറത്തു റെഡി ആയി നിന്നു . തേജയുടെ ഏട്ടന്‍ എങ്ങോട്ടോ പോകുകയാണെന്ന് തോന്നുന്നു. ഞാന്‍ കാര്യം പറഞ്ഞു : 'നീയ്യ NO കല്ലിലാനം'. ആദ്യം ശ്രദ്ധിച്ചില്ല. പാന്റില്‍ രണ്ടു തട്ട് തട്ടി വിളിച്ചു പറഞ്ഞു...അയാള്‍ ചിരിച്ചു (എന്നോടു മാത്രേ അയാള്‍ ചിരിക്കൂ). പക്ഷെ ഒന്നും മനസ്സിലായില്ലെന്ന് തോന്നുന്നു - english അറിയില്ലായിരിക്കും. (അനിയാണ് ഈ english പറഞ്ഞുതന്നത് - NO ചേര്‍ത്താല്‍ ഇംഗ്ലീഷ് ആയി!).
അമ്മ എന്‍റെ ബാഗും എന്നെയും എടുത്ത്, ബസ് സ്ടോപില്ലേക്ക് നടന്നു. അവിറെയാനത്രേ അമ്മയുടെ കൂടെ പണി ചെയ്യുന്ന ആള്‍ car കൊണ്ടുവരിക. കുറച്ചു കഴിഞ്ഞു നോക്കിയപ്പോ മുത്തശ്ശന്‍ പിന്നാലെ വരുന്നു. ഭയങ്കര സന്തോഷം തോന്നി. ഞങ്ങള്‍ രണ്ടാളും തന്നെയല്ലേച്ചിട്ട് കൂടെ വന്നതാ മിണ്ടാതെ.
അമ്മക്ക് മടിയാ - എന്നോടു നടക്കാന്‍ പറയും. അപ്പൊ ഞാന്‍ രണ്ടു കയ്യും മുത്തശ്ശന്റെ നേരെ നീട്ടും. മുത്തശ്ശന്‍ എത്ര നേരം വേണമെങ്കിലും എടുക്കും.
എന്താ ഈ car വരാത്തത്? ഒരു സ്ഥലത്ത് അടങ്ങി ഒതുങ്ങി നില്‍ക്കുക എന്ന് പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അമ്മേടെ ബാഗില്‍ ഒരു കുപ്പിയുണ്ട്. juice ആയിരിക്കും. വേണം എന്ന് വാശി പിടിച്ചു. അമ്മ കരച്ചില്‍ നിര്‍ത്താന്‍ വേണ്ടി വേഗം തന്നു. 'ഹൈ ...തട്ടയായ!' കുറെ കുടിച്ചു.
അമ്മയുടെ പിടി വിടുവിക്കാന്‍ പാടാ. എന്തൊരു കഷ്ടാ ഇത്. ഒന്ന് വിട്ടാല്‍ എന്താ ഇപ്പൊ...കല്ലും മണ്ണും വാരി കളിക്കാന്‍ നല്ല രസാ. ചളി കണ്ടാല്‍ ഞാന്‍, 'അപ്പീ' ന്ന് പറയുംച്ചാലും നല്ല തണുപ്പാ ചളിയില്‍ കയ്യിട്ടാല്‍. ചിലപ്പോ മുഖത്തു തേക്കാനും തോന്നും.
ഞാന്‍ ഒരു കല്ലെടുത്ത് എറിഞ്ഞാലുണ്ടല്ലോ, എത്ര ദൂരം പോകും എന്നറിയുമോ! കാറമ്മേ തട്ടിയാല്‍ 'ടിക്ക്' ശബ്ദം കേള്‍ക്കാം.
ഒന്ന് വിടൂ എന്നെ! ഹാവൂ....വിട്ടു...കുറച്ച് നേരത്തേക്ക് രസായി. ആ ബൌ ബൌ കുറച്ച് നേരായി അവിടെ കിടക്കാന്‍ തുടങ്ങീട്ട് . ഒന്ന് തോണ്ടിയാല്‍ പെട്ടെന്ന്‍ ചാടി എണീക്കും; ന്ന്ട്ടൊരു ഒട്ടാ....ഹ...ഹ...ഹ... നല്ല തമാശയാ! തൊട്ടൂന്നായി.... അപപ്ലക്കും പിടിച്ചു അമ്മ. ഛെ!
ഹാവൂ കാറ് വന്ന്. അച്ഛന്റെ പോലത്തെ കാറല്ല. വേറെ ഒരു നിറമാണ്. എപ്പളത്തെം പോലെ പിന്‍ സീറ്റില്‍ ഇരുന്നു. ഓടിക്കണ അമ്മാമന്‍ 'ഹൈ' ന്നൊക്കെ പറന്ജൂച്ചാലും, പിന്നെ എന്നോടു ഒന്നും മിണ്ടുന്നില്ല. ഒന്ന് company ആവാന്‍ നോക്കാം : 'അമ്മാമ, നീയ്യ പത്തം പൊത്തു...തമ്ബിത്തിയി തത്തി'....അമ്മാമന്‍ ഒന്നും മിണ്ടീല്ല്യ...അപ്പൊ അമ്മ പറയുന്നു : 'Deepak, he is saying you that he bursted crackers and lit the sparkles'. അമ്മാമന്‍ 'ഓ..is it Anirudh? very good'. അതുമതി!
എന്താപ്പോ ചെയ്യാ...ദാ...ആ കുപ്പി...'തട്ടയായ..' കരഞ്ഞു നോക്കി. തന്നില്ല...സീറ്റില്‍ കേറി നിന്ന്‍, പിന്നില്‍ വച്ചിരിക്കുന്ന ബാഗില്‍ നിന്ന്‍ എടുക്കാന്‍ നോക്കി. ങ്ങ്ഹാ...ഇപ്പൊ അമ്മ എടുത്തു തന്നു. ഈ കട്ടന്‍ ചായ വേഗം തീരും എന്നാ തോന്നണത്.
'അമ്മ ഒചീച്'.
അമ്മ: 'he knows our office exactly.' അമ്മാമന്‍ : 'oh! great'.
എന്നാല്‍ ഇത്തിരി കൂടി greatness കാണിക്കാം 'വെള്ളം, ഇമ്പ...ബച്....താര്‍..' ഛെ! ആര്‍ക്കും വല്ല്യ ശ്രദ്ധ ഇല്ല. അമ്മ ഒന്നും പറഞ്ഞു കൊടുക്കുന്നില്ല. എന്നാല്‍ ദാ ഇത് പറഞ്ഞു കൊടുക്കാം : 'അന്റ്ല്‍, ടൈന്‍'.
അമ്മാമന് മനസ്സിലായീന്ന് തോന്നുന്നു. ഒന്ന് ചിരിച്ചു! അങ്കിള്‍ ന്നൊക്കെ വിളിച്ചാ വേഗം മനസ്സിലാവും...ല്ലേ!
ഈ റോഡൊക്കെ എനിക്കറിയാം. ഇവിടെയാണ് ഊഞ്ഞാലാടാന്‍ വരാറ്..'ഊലാലാ..'ന്ന് കുറച്ച് നേരം പറഞ്ഞു നോക്കി. രക്ഷയില്ല. അച്ഛന്‍ ണ്ടാര്‍ന്നെങ്കില്‍ പൂവാമായിരുന്നു. കാര്‍ പിന്നിലെക്കെടുക്കുന്നു, വന്ന വഴിക്ക് തന്നെ പോണു. വഴി തെറ്റീണ്ടാവും. ഞങ്ങടെ വീട്ടില്‍, അച്ഛന്‍ ഓഫീസിന്നു വന്നാല്‍ സുനില്‍ അങ്കിള്‍ കയ്യ് വീശി വീശി ങ്ങനെ അച്ഛന്റെ കാര്‍ പിന്നിലേക്ക് കൊണ്ട് വരീക്കും. ഞാനും ചെയ്യും അപ്പൊ, അതുപോലെ. ന്ന്ട്ടവസാനം, കാറില്‍ തട്ടി, ബസ് ബസ് ന്ന് പറയും (ബസ്സും കാറും തിരിച്ചരീല്യാന്നു തോന്നുന്നു!) .
കാര്‍ നിര്‍ത്തുന്നുണ്ട്...ഊഞ്ഞാലാടാന്‍ പൂവാനായിരിക്കും. അല്ലല്ലോ...ദാ വേറെ അങ്കിള്‍....എന്നോടു വല്ല്യ സ്നേഹം കാണിക്കുന്നുണ്ട്. മുത്തശ്ശന്റെ പോലെ ചെവീല് എന്തോ വെച്ച ഒരു അങ്കിളാ. ഞാനും തിരിച്ച് 'ഹൈ' പറഞ്ഞു.
അതാ, അവടെ ഏട്ടന്മാര്‍ പടക്കം പൊട്ടിക്കുന്നു. ഓ...ഇത് കാണാനായിരിക്കും ഇവടെ നിര്‍ത്തീത്. അമ്മ എന്നേം എടുത്ത്, പുതിയ അങ്കിളിന്റെ വീട്ടിലേക്കു പൂവാണ്. ആകെ ഇരുട്ടാ. അങ്കിള്‍ അമ്മയോട് പറയുന്നു : കരണ്ട് ഇല്ലൈ. ഇല്ലെനാ വീടെല്ലാം സരിയാ പാതിരിക്കലാം. ഇതെന്നുടെ wife ഇതെന്നുടെ പോണ്ണ്‍ - ദിവ്യ. coffee, tea?' എനിക്കെങ്ങനെയെങ്കിലും പുറത്തു പോണം എന്ന് തോന്നി. ഞാന്‍ ഓടി. അമ്മ പിന്നാലെ. ആ വീട്ടിലെ ആന്റി എന്‍റെ വയസ്സും പേരുമൊക്കെ ചോദിക്ക്ണ്ടാര്‍ന്നു അമ്മയോട്. അമ്മ പറഞ്ജോന്നറീല്ല്യ....എന്‍റെ പിന്നാലെ താഴത്തേക്ക് ഓടുകയല്ലേ!
ആകെ ഇരുടട്ട്....പേടി തോന്നുന്നു. ഏട്ടന്മാര്‍ ഇപ്പളും പടക്കം പൊട്ടിക്കുന്നുണ്ട്. മിറ്റത്ത് കുറച്ച് പൂക്കള്‍ കിടക്കുന്നു. അതെല്ലാം ഒന്നൊന്നായി വാരി എടുത്ത്, റോട്ടിലേക്ക് ഇട്ടു ഞാന്‍ മിറ്റം വൃത്തിയാക്കി.
അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍, കയ്യില്‍ ചളി, വൃത്തി എന്നൊക്കെ പറഞ്ജ് സമ്മതിക്കില്ല. അമ്മ, വാശി പിടിക്കാതെ എന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതിയാവും.
ന്നാലും ഒരു സുഖല്ല്യ. ആരൂല്ല്യ. വീട് പോലെ അല്ല. മുന്നമ്മയെ കാണാന്‍ തോന്നി...'മുന്നമ്മ അത്ത് പോനം' ന്ന് പറഞ്ഞു കരഞ്ഞു. അമ്മ 'കൊണ്ടുപൂവാലോ' ന്ന് പറഞ്ഞ്, എന്നെ എടുത്തു നടന്നു.
അപ്പളേക്കും, ഞങ്ങള്‍ കാത്തുനിന്നിരുന്ന അടുത്ത ആള്‍ക്കാര്‍ വന്നെത്തി - രണ്ടു തടിച്ച ആണ്ടികള്‍. പട്ടുസാരിയൊക്കെ ചുറ്റി, (എന്‍റെ അമ്മ സാദാ ച്ചുരിദാറിട്ടിട്ടാ കല്ല്യാണത്തിനു പോണത്. ഈ അമ്മേടെ ഒരു കാര്യം!)വന്ന പ്പളക്കും 'എന്താ മോനെ' ന്നൊക്കെ ചോദിച്ചു ലോഗ്യം കൂടാന്‍ വന്നു. ദേഷ്യം വന്ന് നില്ക്കാ...അപ്പളാണ് മലയാളം അറിയാതെ മലയാളത്തില്‍ ഓരോന്ന് പറഞ്ഞു സേവ പിടിക്കാന്‍ വരുന്നത്.
തേജയും ഇങ്ങിനെയാ...അമ്മ പറയുന്നത് കേട്ട്, 'അവിടെ നില്ക്കാ...അനുക്കുട്ടാ കുടുക്ക....തെജാക്ക് കുടുക്കാ...വേണ്ട അവിടെ കയറണ്ട..' ന്നൊക്കെ പറയും. ചില ദിവസം ആ കുട്ടി (17 വയസ്സായീത്രേ തേജക്ക്.... അതിനിപ്പോ എന്താ...എനിക്ക് നല്ല ഇഷ്ടാ തെജെടെ കൂടെ കളിക്കാന്‍....ഞാന്‍ പിച്യാലും മാന്ത്യാലും ഒന്നും എന്നെ ഒന്നും ചെയ്യില്ല്യ...) എന്നെ 'കണ്ണാ' ന്നും 'അനുക്കു' ന്നും ഒക്കെ അമ്മ വിളിക്കണ കേട്ടു വിളിക്കും. അമ്മയ്ക്കിഷ്ടല്ല (എനിക്ക് കോഴപ്പോന്നും ഇല്ല്യ!).
വീണ്ടും കാറില്‍ കയറി. ആകെ തിക്കും തിരക്കും. അച്ഛന്റെ കൂടെ പൂവുമ്പോ നല്ല സുഖാ ...ധാരാളം സ്ഥലം, അമ്മ അച്ഛന്‍ മുത്തശ്ശന്‍ മുന്നമ്മ അല്ലെങ്കില്‍ മുത്തശ്ശി...അങ്ങനെ എല്ലാരും ഉണ്ടാവും. എന്നേം അമ്മേം ഒരു മൂലയ്ക്ക് തള്ളി, ആണ്ടിമാര്‍ വിശാലമായി ഇരിക്ക്യാ...ഞാന്‍ 'വീട്ടി പോനം...' ന്ന് പറഞ്ഞ് കരയാന്‍ തുടങ്ങി...അമ്മ പുറത്തേക്ക് നോക്കീട്റ്റ്, 'ദാ...കാര്‍, ബസ്....ലൈറ്റ്' ന്നൊക്കെ പറയാന്‍ തുടങ്ങി. ആണ്ടിമാര്‍,മുറി മലയാളത്തില്‍, 'ഇവിടെ നോക്ക്, ലൈറ്റ്, അനുക്കുട്ട എവിടെ പോകുന്നു? എന്താ മോനെ പേര്...' ന്നൊക്കെ അറിയാവുന്ന വിവരമൊക്കെ വിളംബാന്‍ തുടങ്ങി. ഞാനെന്താ കുട്ടയാണോ അനുക്കുട്ട ന്ന് വിളിക്കാന്‍!
കുറച്ച് നേരം പുറത്തു നോക്കി ഇരുന്നു. ശരിയാ...ധാരാളം ലൈറ്റ്. ഞാന്‍ 'ബി ടീ ബീ' ന്ന് ആര്‍ത്തു വിളിക്കാന്‍ തുടങ്ങി. 'ബി ടീ ബീ? whats that?' ഒരു ആണ്ടി ചോദിച്ചു. അമ്മ പറഞ്ഞ് കൊടുത്തു, ഗണേശ ചതുര്ത്തിക്ക് ലൈറ്റൊക്കെ ഇട്ടു അലങ്കരിച്ച ഗണപതിയെ കണ്ടതും എനിക്കിഷ്ടായതും, അതില്‍പ്പിന്നെ, ഗണപതിക്കും ലൈടിനും ഞാന്‍ 'ബി ടീ ബീ' ന്ന് പറയാന്‍ തുടങ്ങിയതും ഒക്കെ.
മുന്നിലെ അമ്മാമന്‍മാര്‍ ഉറക്കെ സംസാരിക്കുന്നു....ഈ ആണ്ടിമാരും....പാട്ട് ഉറക്കെ പാടുന്നു....കാറാണെങ്കില്‍ പതുക്കെ പോകുന്നു....'ബിതത്' ന്ന് പറഞ്ഞ് കരഞ്ഞു നോക്കി....വേണ്ടീട്ടൊന്നും അല്ല....ബോറടിച്ച്ചിട്ടാ. അമ്മ biscuit എടുത്തിട്ടില്ല. പഴം തന്നു. കുറച്ച് തിന്നിട്ട്, അമ്മേടെ വായില്‍ കുത്തിക്കേറ്റി. അപ്പളാ കട്ടഞ്ചായ ഓര്‍മ്മ വന്നത്. പിന്നെ അതിന് കരഞ്ഞു നോക്കി കുറച്ച് നേരം. ആണ്ടിമാര്‍ക്ക് അത്ഭുദം : 'hes taking black tea? how he got the habit?'
ഹാവൂ...എത്തിപ്പോയീന്നു തോന്നുന്നു...സമാധാനായി...'വവ്' ....ഞാനറിയാതെ പറഞ്ഞ് പോയി. വലിയ ഹാള്‍...നിറയെ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു...നിറയെ ലൈറ്റ്...കുറെ ആള്‍ക്കാര്‍...മഞ്ഞ, നീല പച്ച, ചോപ്പ്....ഞാനും അമ്മയും മാത്രം ചണ്ടി വേഷത്തില്‍. അതൊക്കെ നോക്കാന്‍ ആര്‍ക്കു സമയം? ഹായ് ഇവിടെ ഇതാ ഒരു ഗണപതി....ചിരിച്ച്, ഒരു കൈ കൊണ്ട് തല താങ്ങി സുഖായിട്ട് കിടക്കുകയാ...കുറച്ച് നേരം അതിന്റെ മുന്നില്‍ നോക്കി നിന്നു.
അവിടെ നില്‍ക്കുന്ന ചേച്ചിമാരുടെ കയ്യില്‍ നിറയെ പൂ ഉണ്ടല്ലോ. എനിക്കും തന്നു ഒന്ന്‍. പിന്നെ താലത്തില്‍ കിടന്നിരുന്ന പന്ജാര അമ്മ വാരിത്തന്നു....ഞാനവിടെ ഓടി നടന്നു...ചിലര്‍ എന്‍റെ കവിളത്തു പിച്ചി വേദനിപ്പിച്ചു. അമ്മക്ക് ഇരിക്കണം എന്നുണ്ട് . പക്ഷെ എങ്ങനെ? ഒരു മുത്തശ്ശി എന്നെ നോക്കി ചിരിക്കുന്നുണ്ട്. എനിക്കിഷ്ടായി. എന്‍റെ കയ്യിലെ പൂവിന്റെ ഞെട്ടി പൊട്ടിച്ചു കൊടുത്തു. പിന്നെ പൂവ് ഇതളുകലാക്കി അവിടേം ഇവിടേം ഒക്കെ ഇട്ടു.
ധാരാളം കുട്ടികള്‍. ഒരു പെണ്‍കുട്ടിയുടെ പിന്നാലെ പാഞ്ഞു. അത് പേടിച്ചോടി. എനിക്ക് ചിരി വന്നു. അപ്പളക്കും അമ്മ എന്നെ എടുത്തു - 'stage ല്‍ കയറാം' എന്ന് പറഞ്ഞു. ഞാന്‍ കുതറി...രക്ഷയില്ല..stage ല്‍ കയറി, എന്തൊരു ലൈറ്റ്...ഒന്നും കാണാനില്ല. എന്നാലും എനിക്ക് മനസ്സിലായി, ഫോട്ടോ എടുക്കുകയാണ് എന്ന്‍. ഞാന്‍ ചിരിച്ച് ഇരുന്നു അമ്മേടെ ഒക്കത്ത്. അവിടെ അമ്മയും ആണ്ടിമാരും അമ്മാമാന്മാരും അവിടെ നില്‍ക്കുന്ന ചേച്ചിയോടും ചേട്ടനോടും പിന്നെ അടുത്തു നില്‍ക്കുന്ന മുത്തശ്ശിയോടും ഒക്കെ എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു. ചിരിക്കുന്നു...ഞാനും വെറുതെ ചിരിച്ചു.
താഴെ വന്നിട്റ്റ്, വീണ്ടും പടികള്‍ ഇറങ്ങി പോയി...അവിടെയും ധാരാളം സ്ഥലം. കുറെ ആള്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നു.
ഒരു ആണ്‍കുട്ടി വെറുതെ നില്‍ക്കുന്നു. അച്ഛന്‍ എന്നെ വിളിക്കാറുള്ള പോലെ വിളിക്കാന്‍ തോന്നി : 'മന്ദന്‍!!!' പോയിട്ട് കോളറിനു പിടിച്ചു. അത് പേടിച്ച് ഓടി. ഞാനും പിന്നാലെ ഓടാന്‍ നോക്കി; അമ്മ സമ്മതിച്ചില്ല. അമ്മ ഒരു കയ്യില്‍ പ്ലേറ്റ് എടുത്ത്, മറ്റേ കൈ കൊണ്ട് എന്‍റെ കൈ പിടിച്ച്, നടന്ന്‍ (ആണ്ടിമാരെ രണ്ടു പേരേം കാണാനില്ല!), ഓരോ പാത്രത്തിലും തലയിട്ടു നോക്കി, അവസാനം ഒരു ദോശ വാങ്ങി. വാങ്ങുന്ന സമയത്ത്, കൈ വിട്ട തക്കത്തില്‍, ഞാന്‍ ഓടി. ഒരു അങ്കിള്‍ തടഞ്ഞു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍, അടുക്കളയില്‍ എങ്ങനെ മാവരക്കുന്നു, പനീര്‍ കറി എങ്ങനെ ഉണ്ടാക്കുന്നു എന്നൊക്കെ നോക്കി പതിക്കാംആയിരുന്നു!
അമ്മ എന്നെ ഒരു കസേരയില്‍ പിടിച്ചിരുത്തി ദോശ തരാന്‍ തുടങ്ങി. എനിക്ക് ദോശ തരുന്നതിനിടയില്‍, അമ്മ പലരെയും നോക്കി ചിരിക്കുന്നുണ്ട്, വര്‍ത്തമാനം പറയുന്നുണ്ട്, എന്നെ പറ്റീം പറയുന്നുണ്ട്. ഒരു ആണ്ടി, chocolate തന്നു. അപ്പൊ തന്നെ തിന്നു. വേറെ ആണ്ടീം തന്നു chocolate. അതും തിന്നു. അങ്ങനെ മൂന്നെണ്ണം തിന്നു. പിന്നെ, ice cream. mmm....yummy! ഐസ് ക്രീമിലെ കഷണങ്ങള്‍ ഞാന്‍ തിന്നില്ല. ഞാന്‍ തുപ്പി (അത് അമ്മ തിന്നു...ഹിഹിഹി....ഈ അമ്മേടെ കാര്യം!)
കുറെ കഴിഞ്ഞപ്പോ ആണ്ടിമാര്‍ വന്നു. എനിക്കിഷ്ടല്ല അവരുടെ കൂടെ പൂവാന്‍. ഞാന്‍ പോയില്ല. കാറോടിച്ചിരുന്ന അമ്മാമന്‍ വന്നു. അമ്മാമന്‍ എന്നോടെന്തോ പറയുന്ന തക്കത്തില്‍, അമ്മ രക്ഷപ്പെട്ടു. അമ്മ പ്ലേറ്റില്‍ എന്തൊക്കെയോ എടുത്ത് കഴിക്കാന്‍ തുടങ്ങി. അപ്പളാ ഞാന്‍ ശ്രദ്ധിച്ചത്, അമ്മയുടെ ബാഗ് ആണ്ടി പിടിച്ചിരിക്കുന്നു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ അത് പിടിച്ച് വലിച്ച് വാങ്ങി...'അമ്മാ....ബാദ്...' ന്ന്‍ പറഞ്ജ്. അപ്പൊ എല്ലാരും ചിരിക്ക്യാ. എനിക്ക് ദേഷ്യം വന്നു. ചുണ്ട് കൂര്‍പ്പിച്ച് പറഞ്ഞു : 'അമ്മമ ഇയ്യ...ആണ്ടി ഇയ്യ....'. എന്തൊക്കയോ പറഞ്ജ്, ആണ്ടി ബാഗ് അവിടെ വെച്ചു. എല്ലാരും ചിരിച്ചുകൊണ്ടേ ഇരിക്ക്യാ.
പിന്നെ അമ്മേടെ മേത്ത് കേറാന്‍ തുടങ്ങി. അമ്മ വേഗം പ്ലേറ്റ് അവിടെ വച്ചിട്ട് കൈ കഴുകി വന്നു.
ആണ്ടിമാര്‍ വന്ന്‍ 'പൂവാം' എന്ന് ചോദിച്ചു. മുഴുവന്‍ കേള്‍ക്കണേന്‍റെ മുന്നേ അമ്മ റെഡിയായി. പോണ വഴിക്ക്, അവിടെ നില്‍ക്കുന്ന ഒരു മുത്തശ്ശന്‍ നിരത്തിവചിരിക്കുന്ന ഇലകളില്‍ ഒന്ന് മടക്കി അമ്മക്ക് കൊടുത്തു - ചെറിയ ഇല. എനിക്ക് തന്നില്ല. വാശി പിടിച്ചു. അമ്മ എനിക്കും കടിക്കാന്‍ തന്നു. നല്ല മധുരം. രണ്ടു മൂന്നു പ്രാവശ്യം കടിച്ചു. പിന്നെ അമ്മ വായിലിട്ടു.
എന്തായാലും എനിക്കിഷ്ടായി...ദിവസോം ഇങ്ങനെ ഉണ്ടായിരുന്നെങ്കില്‍! പക്ഷെ അച്ഛനില്ലാതെ ഒരു രസവും ഇല്ല. അയ്യോ...വീണ്ടും കാറില്‍ കേറണം. വന്നതിനേക്കാള്‍ തിക്കും തിരക്കും. ഉറക്കം വരുന്നുണ്ട്. പക്ഷെ തലയിണയില്ല , പാട്ടില്ല, കഥയില്ല....പോരാത്തേന്, എല്ലാരടേം കലപിലേം...എങ്ങനെ ഉറങ്ങും?
'മുനുമാ' ന്ന് പറഞ്ജ്, അമ്മേടെ മടിയില്‍ കുഞ്ഞിവാവ കിടക്കുന്ന പോലെ കിടന്നു. അമ്മ ഹനുമാന്റെ കഥ പറയാന്‍ തുടങ്ങി. കുറെ പ്രാവശ്യം കേട്ടതാണെങ്കിലും എനിക്കിഷ്ടാ. എനിക്കും ഹനുമാന്റെ ശക്തീം വാലും വേണം. ഹനുമാനെ പിടിച്, രാവണന്റെ മുന്നില്‍ എത്തിച്ചേ ഉള്ളൂ....അപ്പളേക്കും ഒരു ആണ്ടി, 'see അനുക്കുട്ടാ, ബി ടീ ബീ'. പിന്നെ എനിക്ക് കിടക്കാന്‍ പറ്റുമോ? ചാടി എഴുന്നേറ്റു നോക്കിയപ്പോ, നീല കളറിലുള്ള ലൈറ്റുകള്‍ തൂക്കിയിട്ടിരിക്കുന്നു. WOW! അധികം കണ്ണ് മിഴിച് ഇരിക്കാന്‍ പറ്റില്ല...വീണ്ടും കിടന്നു....ഇപ്പൊ 'ഒമാമ' യാണ് ആവശ്യപ്പെട്ടത്. ഓമനക്കുട്ടന് രാഗവിസ്താരം കൂടുതല്‍ ഉള്ളതുകൊണ്ടോ എന്തോ, അമ്മ ആനേടെ പാട്ട് പാടാം ന്ന് പറഞ്ഞ് പാടാന്‍ തുടങ്ങി....'ആനേ ആനേ നീയ്യും വാ....കുട്ടന്‍റെ ആനന്ദം കാണാന്‍ വാ....പൂച്ചേ പൂച്ചേ നീയ്യും വാ...കുട്ടന്‍റെ പുഞ്ചിരി കാണാന്‍ വാ...'. അപ്പൊ കാറില്‍ ആകെ നിശബ്ദദ. ഒരു ആണ്ടി ചിരിച്ചിട്ട് പറയാ....'got the reason why surya speaks less in office....she has to spend lot of energy in stories and songs!'. കാറോടിക്കുന്ന അമ്മാമന്‍ പറയുന്നു, 'we are sleepy hearing the lullaby!'.
വീണ്ടും ആണ്ടി ശല്യം ചെയ്തു. ഞാന്‍ എഴുന്നേറ്റു. മുന്നിലെ അമ്മാമന്റെ അടുത്തേക്ക് പോയി. അമ്മാമന്‍, train ന്‍റെ ശബ്ദം ണ്ടാക്കി. ഞാന്‍ കുറെ ചിരിച്ചു. അപ്പൊ വീണ്ടും ഉണ്ടാക്കും...അങ്ങനെ കുറച്ച് നേരം. വീണ്ടും അമ്മേടെ അടുത്തേക്ക് തന്നെ വന്നു.
എന്റമ്മോ! സമാധാനം: ശല്യക്കാരി ഇറങ്ങിപ്പോയി. കൂടെ, എന്‍റെ കൂടെ കളിച്ച അമ്മാമനും. ഇപ്പൊ കാറില്‍ ധാരാളം സ്ഥലം. എന്‍റെ അടുത്തിരിക്കുന്ന ആണ്ടി, ശല്യം ചെയ്യില്ല....എനിക്ക് mobile തന്നു. 'ചേട്ടനെ വിളിക്കണോ?' ന്ന് ചോദിച്ചു. ഏതു ചേട്ടന്‍ ന്ന് വിചാരിച്ചു ഞാന്‍....അമ്മയും. ആണ്ടി clear ആക്കി 'he wants to talk to sreejith'? . ഓ...അങ്ങനെ! അച്ഛന്നെ വിളിക്കനോന്നാ ചോദിച്ചേ...അതിനാണ് ചേട്ടന്‍. ഞാന്‍ വിളിച്ചില്ലെങ്കിലും, അമ്മ വിളിക്കുന്ന കേട്ടു. അമ്മേടെ മുഖത്തെ ചിരി മായണത് കാണാന്‍ എനിക്കിഷ്ടല്ല. അച്ഛന്‍ പറഞ്ഞ എന്തോ ഇഷ്ടായിട്ടില്ല്യാന്നു തോന്നുന്നു. അച്ഛന് കുശുംബ് ഉണ്ടാവും : എന്നേം കൂട്ടി പോന്നതിന്. അച്ഛന് സുഖിക്കാന്‍ പറ്റില്ലല്ലോ! എന്തായാലും അച്ഛന്‍ വരും ഞങ്ങളെ കൊണ്ടുപോകാന്‍. കുറെ കാര്യങ്ങള്‍ പറയാനുണ്ട്. അമ്മയ്ക്കും അച്ഛനെ കാണാന്‍ വൈകീന്നാ തോന്നണത്!
വീണ്ടും കാര്‍ നിര്‍ത്തി. ദാ വേറെ അങ്കിള്‍...ഇനീപ്പോ ഇതിനുള്ളില്‍ കയറുമോ! അല്ല...ആണ്ടിയെ കൊണ്ട് പോകാന്‍ വന്ന അങ്കിളാ...അങ്കിളിന്റെ മലയാളം വിജ്ഞാനം ഞങ്ങള്‍ക്ക് പറഞ്ഞു തരികയാണ്. അവരെ മുഷിപ്പിക്കണ്ടാചിട്റ്റ് ഞാന്‍, ചോടിചെനോക്കെ ഉത്തരം പറഞ്ഞു. ഈ ആണ്ടിയും പോവുകയാണ്. സന്തോഷം! എത്ര നേരാ ടാ..ടാ...പറയുന്നത്...ഉറങ്ങണ്ടേ? ഒന്ന് പോകൂ... ഞങ്ങളെ കൊണ്ടുപോകാനും അച്ഛന്‍ വരും.
സീറ്റില്‍ നീണ്ടു നിവര്‍ന്ന് അമ്മയുടെ മടിയില്‍ തലവച്ചു കിടന്നു. പിന്നെ ഒന്നും ഓര്‍മ്മയില്ല. കണ്ണ് തുറന്നപ്പോള്‍, വീണ്ടും അച്ഛനേം മുത്തശ്ശനേം മുന്നമ്മേം അമ്മേം കണ്ടപ്പോ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി....ഇനി ചീച്ചി വീത്തണം, പല്ല് തേക്കണം, പാല് കുടിക്കണം, അമ്മയെ പറഞ്ഞയക്കണം, ദോശ തിന്നണം...........
______________________________________________________________
- വാത്തന്നാടി - വാല്‍ക്കണ്ണാടി
- ആപ്പ - ആപ്പിള്‍
- മന്നു - വന്നു
- നീയ്യ - നീ (ച്ചാല്‍, ഞാന്‍ )
- പിച്ചു - പിടിച്ചു
- പഞ്ഞു - പറഞ്ഞു
- തൊത്തും - കൊടുക്കും
- പയ്യും - പറയും
- കല്ലിലാനം - കല്ല്യാണം
- തട്ടയായ - കട്ടഞ്ചായ
- പത്തം - പടക്കം
- പൊത്തു - പൊട്ടിച്ചു
- തമ്ബിത്തിയി - കമ്പിത്തിരി
- തത്തി - കത്തിച്ചു
- ഒചീച് - ഓഫീസ്
- ബച് - ബസ്
- താര്‍ - കാര്‍
- അന്റ്ല്‍ - അങ്കിള്‍
- ടൈന്‍ - ട്രെയിന്‍
- അത്ത് - അടുത്ത്
- ബിതത് - ബിസ്കറ്റ്